2013, മേയ് 8, ബുധനാഴ്‌ച

ഗോഡ് ടാഗഡ് യൂ ഇന്‍ എ ഡ്രീം

മുറിയിലെ എല്ലാ ലൈറ്റുകളും എന്നോട് ശുഭരാത്രി പറഞ്ഞു. മോണിറ്റര്‍ സ്ക്രീനില്‍ നിന്നു വരുന്ന പ്രകാശത്തിന്റെ തീവ്രത കൂടി വരുന്നതുപോലെ തോന്നി. എന്നിട്ടും ഞാന്‍ കണ്ണുനട്ട് ഇരിപ്പാണ് ഈ അര്‍ധരാത്രിയിലും. സൊറ പറയാന്‍ തയ്യാറായി പച്ച ലൈറ്റും തെളിച്ച് ഒരുപാട് പേരുണ്ട് എന്നെപോലെ. പല മുഖങ്ങള്‍. അതില്‍ പല മുഖങ്ങളും അപരിചിതം. സുപരിചിതമായത് ഷാരൂഖ് ഖാന്‍, ഐഷ്വര്യ റായ്, കാവ്യാ മാധവന്‍ എന്നിങ്ങനെയുള്ളവരുടെ മുഖങ്ങളാണ്. അവയ്ക്ക് പിന്നിലുള്ളത് എന്നെപോലെ ഒരുപറ്റം സാധാരണ ഫേസ്ബുക്ക് ജീവികള്‍. കൂട്ടുകാരുടെ സംഖ്യ അനുദിനം വലുതായിക്കൊണ്ടിരിക്കുന്നു. മണ്ണപ്പം ചുട്ടതിന്റെയോ കണ്ണുപൊത്തി കളിച്ചതിന്റെയോ ഓര്‍മയോ അടയാളമോ ഇല്ലാതെ വെറുമൊരു മൌസ് ക്ളിക്കില്‍ കെട്ടിപ്പടുക്കുന്ന സൌഹൃദങ്ങള്‍. ചെറുപ്രായത്തില്‍ കൂട്ടുകാരന്‍ പിച്ചിയപ്പോള്‍ എനിക്കു വേദനിച്ചിരുന്നു. ഓര്‍മയുടെ കാന്‍വാസില്‍ ആ വേദനയ്ക്ക് നിറങ്ങള്‍ ഉണ്ടായിരുന്നു. അതുകഴിഞ്ഞുള്ള പിണക്കത്തിനും ഇണക്കത്തിനും സുഖമുണ്ടായിരുന്നു. പക്ഷേ ഇന്നോ? അങ്ങകലെ മറ്റേതോ സംസ്കാരവും ഭാഷയുമായി ജീവിക്കുന്ന ഒരു ഫീമെയില്‍ യൂസര്‍ വന്നു 'പോക്ക്' ചെയ്താല്‍ അതെന്റെ ഏത് ഭാഗത്താണ് കൊള്ളുന്നത്?! അതിന് വേദനയുണ്ടോ? പക്ഷേ, താല്‍ക്കാലികമായ ഒരു അനുഭൂതിയില്‍ ഞാനും ക്ളിക്ക് ചെയ്യുന്നു, 'പോക്ക് ബാക്ക്'. പക്ഷേ, വിവേകമുള്ള തീരുമാനങ്ങളെടുക്കുന്ന ബുദ്ധിയുടെ കേന്ദ്രത്തില്‍ ഈ ചിന്തകള്‍ ഒന്നും തന്നെ എത്താറില്ല എന്നത് വാസ്തവം. ഞാന്‍ മുറിയുടെ വാതിലടച്ചു. എന്റെ ഏറ്റവും വലിയ സ്വകാര്യതയുടെ നിമിഷങ്ങള്‍. പക്ഷേ ലോകത്താകമാനമുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് സുസ്വാഗതം! പഴയ ഒരു ക്ളാസ്മേറ്റിന്റെ ‘ഹായ്’ക്ക് മറുപടി കൊടുത്തു കാത്തിരിക്കുകയായിരുന്നു ഞാന്‍. മണിക്കൂറുകളോളം തെളിഞ്ഞു കിടക്കുന്ന ഈ കമ്പ}ട്ടര്‍ സ്ക്രീനും ഓഫീസിലെ കെട്ടഴിഞ്ഞു കിടക്കുന്ന തിരക്കുകളും എന്നെ ഒരുപാട് അവശനാക്കിയിരിക്കുന്നു. മറുപടി വരും മുമ്പ് അവനൊരു 'ബയ്' പറഞ്ഞു. അങ്ങനെ ഈ ദിവസത്തില്‍ നിന്നും ലോഗൌട്ട് ചെയ്യാന്‍ തീരുമാനിച്ചു. എന്നോടുള്ള പ്രണയത്തിന്റെ ആഴമറിയിച്ച്, ഒരുപാടു തിരക്കുകള്‍ക്കും ഒരുപാടു മൈലുകള്‍ക്കും അപ്പുറത്തുനിന്ന് എന്റെ പ്രിയപത്നി എനിക്കയച്ച ഫോര്‍വേഡ് മെസേജ് സ്റാറ്റസില്‍ കുറിച്ചു. ലാപിന്റെയും കണ്ണിന്റെയും ലിഡുകള്‍ മടക്കി ഞാന്‍ കിടന്നു. സ്വപ്നങ്ങളുടെ ലോകത്തേക്കുള്ള യൂസര്‍നേമും പാസ്വേഡുമായി പണ്ടെങ്ങോ അമ്മയുടെ മടിയില്‍ കിടന്നു ചൊല്ലിപ്പടിച്ച നാമജപങ്ങള്‍ ഓര്‍ത്തെടുത്തു ചൊല്ലി. എനിക്കൊപ്പം ആ നാമജപങ്ങളും മാറിപ്പോയിരിക്കുന്നു. ഇരുളുപിടിച്ച ഏതോ ലോകത്ത് സ്വപ്നവും കാത്തിരിക്കുകയായിരുന്നു ഞാന്‍. അങ്ങകലെ കിഴക്കേചക്രവാളത്തില്‍ സൂര്യനുദിക്കുന്ന പ്രഭാവത്തോടെ ശാസ്ത്രത്തിനുപോലും നിര്‍വചനാതീതമായ സ്വപ്നത്തിന്റെ കിരണങ്ങള്‍ എത്തിത്തുടങ്ങി. മുന്നില്‍ ഒരു വാതില്‍. ഒരുപക്ഷെ ചൈനയിലെ വന്മതിലിനേക്കാളും വലുത്. അതിന്റെ ഭിത്തി മുഴുവന്‍ ചിത്രങ്ങളും എഴുത്തുകളും കൊണ്ട് അലങ്കോലമായി അലങ്കരിച്ചിരിക്കുന്നു. വലിയ മതിലിന് ഒരു കവാടം മാത്രം. അപ്പോഴാണു ഞാന്‍ ശ്രദ്ധിച്ചത് മതിലിന് ഇരുവശങ്ങളും വളരെ വ്യത്യസ്തമാണ്. ഞാന്‍ നില്‍ക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന വശത്ത് രണ്ടു റോബോട്ട് കാവല്‍ക്കാരുണ്ട്. അതേപോലെ മതിലിനപ്പുറവും രണ്ടു റോബോട്ട് കാവല്‍ക്കാര്‍ ഇരുന്നു ഉറങ്ങുന്നു. ഇതെന്ത് ലോകം! റോബോട്ടുകളും ബോറടിച്ച് ഉറങ്ങുന്നുവോ? അതിശയത്തോടെ ഞാന്‍ എന്നെ തന്നെ നോക്കി. പക്ഷെ ഞാന്‍ എന്നെ കാണുന്നില്ല. ഒരു ക്യാമറക്കാഴ്ചയില്‍ നിലത്ത് വിരിച്ച നീല കാര്‍പെറ്റ് ഞാന്‍ കണ്ടു. അതെ, ഞാന്‍ നില്‍ക്കുന്നത് ഫേസ്ബുക്ക് ലോകത്താണ്. മതിലിനും അപ്പുറത്ത് റോബോട്ടുകള്‍ ബോറടിച്ചുറങ്ങുന്നത് ഓര്‍ക്കുട്ട് ലോകമാവാം. ഇവിടേക്ക് ആളുകളുടെ പ്രവാഹമാണ്. മിക്കവരും വരുന്നത് തൊട്ടപ്പുറത്തെ ലോകത്തുനിന്നുമാണ്. വരുന്നവരുടെ കൈയില്‍ ഒരു കെട്ടുഫോട്ടോയും കുറേ കുറിപ്പുകളുമൊക്കെ ഉണ്ട്. കവാടത്തിന് തൊട്ടടുത്തുള്ള വിശ്രമപന്തലിലേക്ക് ഞാന്‍ നീങ്ങി. അവിടേക്ക് കയറിച്ചെല്ലുമ്പോള്‍ ചിലരെങ്കിലും എന്നെ നോക്കുന്നുണ്ട്. ആധുനിക ലോകത്തെ പല സ്മൈലികളും അവിടെയുള്ള മുഖങ്ങളില്‍ കാണാമായിരുന്നു. അവരെന്നെ നോക്കുന്നുവെന്നാല്‍ അതിനര്‍ത്ഥം അവരെന്നെ കാണുന്നുണ്ട് എന്നല്ലേ? പക്ഷെ, എന്നിട്ടും എന്തുകൊണ്ട് ഞാന്‍ എന്നെ കാണുന്നില്ല? ഒരുപക്ഷെ ഈ ലോകത്തുള്ളവര്‍ക്ക് അവരവരെ തന്നെ കാണാനുള്ള കഴിവ് ഇല്ലായിരിക്കും. "എന്തിനാ നിങ്ങളിവിടെ കാത്തിരിക്കുന്നേ?'' അതില്‍ ഒരാളോടു ഞാന്‍ ചോദിച്ചു. ഉടനെ ഒരു ശബ്ദം വന്നു. 'പ്ളക്'., ഞാന്‍ ഞെട്ടിപ്പോയി. അയാളുടെ നാക്ക് പുറത്തേക്കു നീണ്ടുവന്നു. അതില്‍ എഴുതിയിരിക്കുന്നു, 'ല്‍' അപ്പോഴാണ് എന്റെ ശ്രദ്ധ അയാളുടെ കൈയിലെ മൊബൈല്‍ ഫോണിലേക്ക് തിരിഞ്ഞത്. അവരെല്ലാം തങ്ങളുടെ ഫേസ്ബുക്ക് പൌരത്വം സ്ഥിരീകരിക്കാന്‍ കാത്തിരിക്കുകയണ്. എല്ലാവരും അഭയാര്‍ഥികളാണ്. ഞാന്‍ വിശ്രമപന്തലില്‍ നിന്നുമിറങ്ങി മുന്നോട്ടു നടന്നു. ചെറുകുടിലുകള്‍ മുതല്‍ കൊട്ടാരമാളികകള്‍ വരെ കാണാം. മിക്കവയും തമ്മില്‍ ആധുനിക രീതിയിലുള്ള 'റോപ്വേ'കളാല്‍ ബന്ധിപ്പിച്ചിരിക്കുന്നു. അതൊക്കെയും ഫേസ്ബുക്ക് ഉപയോക്താക്കളുടെ വീടുകളാണ്. ഓരോരുത്തര്‍ക്കും അവരവര്‍ ചെയ്യുന്ന പുണ്യത്തിന്റെ അളവനുസരിച്ച് സ്വര്‍ഗത്തില്‍ വീടും സൌഭാഗ്യങ്ങളും കിട്ടുന്ന പോലെ ഈ ലോകത്ത് ജീവിച്ച കാലവും അവരുടെ ചെയ്തികളും അനുസരിച്ച് അവരവര്‍ക്കു കിട്ടേണ്ടത് കിട്ടുന്നു. എല്ലാ വീടുകള്‍ക്കും മുന്നില്‍ സിനിമാ ഫ്ളക്സുകളെ വെല്ലുന്ന വലിപ്പത്തില്‍ പ്രൊഫൈല്‍ ഫോട്ടോകളുണ്ട്. അതിനു താഴെ തിളങ്ങുന്ന സ്ക്രീനില്‍ ഓരോരുത്തരുടെയും സ്റാറ്റസുകളുമുണ്ട്. ഫോട്ടോകള്‍ക്കൊപ്പം അഭിപ്രായങ്ങളുടെ നീണ്ട തിരശീലയുണ്ട്. അതില്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരാളുടെ ചിത്രത്തില്‍ ഒരുപാട് അഭിപ്രായങ്ങള്‍ കണ്ടു. മുറിയന്‍ ഇംഗ്ളീഷും മംഗ്ളീഷിലുമൊക്കെയായി അതങ്ങു പാതാളം വരെ നീണ്ടു കിടക്കുന്നു. ഇതിനൊക്കെ ഈ ലോകത്ത് പുണ്യം കിട്ടുമായിരിക്കും. അലഞ്ഞുതിരിയുന്ന റോബോട്ടുകളും ഫേസ്ബുക്ക് ഉപയോക്താക്കളും. യാന്ത്രികമായ ഒരു ലോകം. ഈ ലോകം എവിടെ വരെ നീണ്ടുകിടക്കുന്നതാണാവോ? പെട്ടെന്ന് എല്ലാരും എങ്ങോട്ടോ വെപ്രാളത്തോടുകൂടി ഓടാന്‍ തുടങ്ങി. ചിലര്‍ മറിഞ്ഞടിച്ചു നിലത്തു വീഴുന്നു. ഉറക്കമെഴുന്നേറ്റവര്‍, ഭക്ഷണം കഴിക്കുന്നവര്‍, കുളിക്കുന്നവര്‍, പഠിക്കുന്നവര്‍, നഖം വെട്ടുന്നവര്‍, അങ്ങനെ പലതും ചെയ്തുകൊണ്ടിരിക്കുന്നവര്‍ അതൊക്കെ മറന്നു ഓടുകയാണ്. "ദൈവമേ!'' അറിയില്ല എനിക്ക്, ഈ ലോകത്ത് ദൈവമുണ്ടോയെന്ന്. ദൈവത്തെ ആരെങ്കിലും വിളിക്കാറുണ്ടോയെന്നും അറിയില്ല. പക്ഷെ പ്രതീക്ഷയുടെ തിരിനാളമെന്നപോലാണ്് ആ വിളി. ഭൂമികുലുക്കമോ മറ്റോ ആണോ എന്നറിയാന്‍ ഞാന്‍ ചുറ്റും നോക്കി. ഇല്ല, ഒരു കുഴപ്പവുമില്ല. ഓടിക്കൊണ്ടിരിക്കുന്നവര്‍ പലരും എന്നെ തട്ടിയും മുട്ടിയുമാണ് പോകുന്നത്. ഞാന്‍ ഒരു വശത്തേക്ക് മാറി നിന്നു. അപ്പോള്‍ മിന്നല്‍ വേഗത്തില്‍ ഒരു റോബോട്ട് വന്ന് ഒരു കുറിമാനം എന്റെ കൈയില്‍ തന്നു. അത് എനിക്കുള്ള ഒരു നോട്ടിഫിക്കേഷന്‍ ആയിരുന്നു. ഞാനത് തുറന്നു നോക്കി. ഡയാന ജോണ്‍ എന്നെ ഒരു വീഡിയോയില്‍ ടാഗ് ചെയ്തിരിക്കുന്നു. എല്ലാരും ഓടുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടികിട്ടിയത്. ഫിലോസഫിയും ആലോചിച്ചിരിക്കാന്‍ സമയമില്ല. ഞാനും ഓടി, ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിക്കാന്‍ എന്ന പോലെ. ഓടിയെത്തിയത് എല്ലാരും ദിജന്‍ എന്നു വിളിക്കുന്ന ഡയാന ജോണിന്റെ കൊട്ടാരത്തിനു മുന്നിലാണ്. അവിടുത്തെ തിരക്കു കാരണം റോബോട്ടുകള്‍ ഓരോ കര്യങ്ങളും ചെയ്തു തീര്‍ക്കുന്നത് എനിക്കു കാണാന്‍ പറ്റാത്ത അത്രയും വേഗത്തിലാണ്. ദിജന് കൂടുതല്‍ ഇഷ്ടമുള്ള ഒരു ഹോളിവുഡ് നടിയുടെ ഫോട്ടോയാണ് അവിടെയുള്ളത്. ഒരുപാടു കാലമായി സൌഹൃദത്തിന്റെ പൂക്കള്‍ വിരിയിച്ചും, ചിലപ്പോള്‍ അതു കായ്കനികളായ് പൊഴിച്ചും ഒരുപാടുപേരുടെ ഹൃദയത്തിന്റെ കോണുകളില്‍ 'ഷീല കീ ജവാനി' നൃത്തമാടുന്ന ദിജന്‍. ഫേസ്ബുക്കിലെ തിരക്കേറെയുള്ള അജ്ഞാതയായ ഒരു സൂപ്പര്‍സ്റാര്‍. തിക്കും തിരക്കുമെല്ലാം കടന്നു ഞാന്‍ കൊട്ടാരത്തിലെ തീയറ്ററിനടുത്തെത്തി. ടാഗ് ചെയ്തു ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമേ തീയറ്ററില്‍ പ്രവേശനമുള്ളൂ. കാവല്‍ക്കാരന്‍ റോബോട്ടിന് എനിക്കു കിട്ടിയ കുറിമാനം കാണിച്ച് അകത്തേക്കു കയറുമ്പോള്‍ പുറത്ത് ഈ വിവരം കേട്ടറിഞ്ഞ് വന്ന കുറച്ചുപേര്‍ കരയുന്നു. പാവം അവര്‍ക്കു ക്ഷണം കിട്ടിയില്ലായിരുന്നു. ആര്‍പ്പുവിളിയുടെയും വിസിലടിയുടെയും ശബ്ദം കൊണ്ട് തിയറ്ററിലെ ആഢംബര പ്രതിധ്വനി നിരോധന സംവിധാനങ്ങള്‍ വരെ നിര്‍ജീവത കാട്ടി. മുന്നിലെ സ്ക്രീനില്‍ വെള്ളിവെളിച്ചത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് എല്ലാവരും. സ്ക്രീനില്‍ ലോഡിങ്ങ് എന്നെഴുതി കാണിച്ചു. തീയറ്ററിലെ ശബ്ദം നിയന്ത്രണാതീതമായി. സ്ക്രീനില്‍ ഒരു ഫ്ളാറ്റിന്റെ കിടപ്പുമുറി തെളിഞ്ഞു വന്നു. വെബ്ക്യാമറയിലൂടെയുള്ള മങ്ങിയ ദൃശ്യം. പതിനഞ്ചു സെക്കന്റ് ദൈര്‍ഘ്യവും ' ' എന്ന തലക്കെട്ടുമുള്ള ആ ദൃശ്യങ്ങള്‍ ചലിച്ചു തുടങ്ങി. അഞ്ച് സെക്കന്റുകള്‍ കടന്നുപോയി. ഒരു സ്ത്രീ ദൃശ്യത്തിലേക്ക് കടന്നു വന്നു. മുടികള്‍ക്ക് ഫാനിന്റെ കാറ്റിനൊപ്പവും, തന്റെ ശരീരത്തില്‍ ബള്‍ബിന്റെ വെളിച്ചത്തിനും ആവോളം സ്വാതന്ത്യ്രം നല്‍കി നില്‍ക്കുന്ന അവളൊന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു. "ഹായ്.... ഞാനാണ് നിങ്ങളുടെ സ്വന്തം ദിജന്‍'' സ്ക്രീനില്‍ ഇരുട്ടു പരന്നു. തിയറ്ററിലെ ശബ്ദാരവങ്ങളില്‍ എന്റെ ശബ്ദം ഉണ്ടായിരുന്നില്ല. കാരണം എന്റെ മനസില്‍ പ്രഹരമേറ്റിരിക്കുന്നു. ചാറ്റിങ്ങുകള്‍ക്കിടയില്‍ നിഷ്കളങ്കതയുടെ സംഗീതമെന്ന് കരുതി ഞാന്‍ ആസ്വദിച്ച ദിജന്റെ 'കിക്കി കിക്കി' ചിരി, സ്ക്രീനില്‍ കണ്ട എന്റെ ഭാര്യയുടെ രാക്ഷസീയമായ അട്ടഹാസമായി എന്റെ മനസിന്റെ ചെവിയില്‍ പ്രതിധ്വനിച്ചു. ആദ്യം അവളെ കഴുത്തു ഞെരിച്ച് കൊല്ലനാണ് തോന്നിയത്. രോഷത്തിന്റെ അഗ്നിപര്‍വ്വത സ്ഫോടനം പോലെ എന്റെ ഹൃദയമിടിപ്പുകള്‍ അനുഭവപ്പെട്ടു. ഉരുകുന്ന മനസില്‍ നിന്നും എന്തു തീരുമാനമാണ് ഉണ്ടാവുക എന്നറിയില്ല. എന്റെ കാലുകളില്‍ മാത്രം ജീവനുണ്ടെന്നപോലെ ഞാന്‍ വീട്ടിലേക്ക് നടന്നു. വീടിന് മുന്നിലെത്തിയ ഞാന്‍ കണ്ടത് എന്റെ ഫോട്ടോയല്ല. മസിലുകള്‍ പെരുപ്പിച്ച്, വശ്യമായ നോട്ടങ്ങള്‍ പിടിച്ചു വാങ്ങുന്ന ഒരു ബോളിവുഡ് നടന്റെ വലിയ ചിത്രം. അതിനു താഴെ മാന്യതയുടെ കണ്ണിലെ അസഭ്യങ്ങള്‍ സ്റാറ്റസായി എഴുതിയിരിക്കുന്നു. അവിടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രൂപേഷിന്റെ പേരില്ല. പകരം ഇതേവരെ ജനിച്ചിട്ടുപോലും ഇല്ലാത്ത കോറിയോഗ്രാഫര്‍ അര്‍ഷദ് ഇബ്രാഹിമിന്റെ പേരായിരുന്നു. ആ ചെറിയ ഞെട്ടല്‍ എന്നെ മുറിയിലെ ഇരുട്ടിലേക്ക് വിളിച്ചുണര്‍ത്തി. പക്ഷെ, അതിലും വലിയ ഞെട്ടലിന്റെ കിതപ്പും വിയര്‍പ്പുമുണ്ടായിരുന്നു എനിക്ക്. എന്തൊക്കെയാണ് ഞാന്‍ കണ്ടതെന്ന് ഓര്‍ക്കാനായി ഞാന്‍ കണ്ണുകള്‍ ശക്തമായി അടച്ചും തുറന്നും എങ്ങോട്ടൊക്കെയോ നോക്കി. ഈ മൂന്നുമണി നേരത്തും ഉറങ്ങാത്ത നഗരത്തിന്റെ വെളിച്ചങ്ങളുടെ ആകാശക്കാഴ്ചയില്‍ എന്റെ മുറിയിലെ ബള്‍ബും അണിചേര്‍ന്നു. ഞാന്‍ തൊട്ടടുത്തായി ഇന്നലെ എന്നോടൊപ്പം കിടന്നുറങ്ങിയ ലാപ്ടോപ്പിനെ ബട്ടണമര്‍ത്തി വിളിച്ചുണര്‍ത്തി. മനസില്‍ എന്തൊക്കെയോ കടുത്ത തീരുമാനങ്ങളുണ്ട്. ലാപ്ടോപ് സ്ക്രീന്‍ തെളിഞ്ഞു. ഫേസ്ബുക്കിന്റെ ലോകത്ത് ഞാന്‍ വ്യാജമായി സൃഷ്ടിച്ച അര്‍ഷദ് ഇബ്രാഹീമിന്റെ അക്കൌണ്ട് തുറക്കാനായി ഇ-മെയിലും പാസ്വേഡും കുത്തിത്തിരുകി. അക്കൌണ്ട് തുറക്കപ്പെട്ടു. ഞാന്‍ സ്വപ്നത്തില്‍ കണ്ട അതേ ചിത്രമാണ് അവിടെയുള്ളത്. അപ്പോഴും പച്ച ലൈറ്റ് തെളിച്ച് നില്ക്കുന്ന അനേകം പേരുണ്ട്. ഞാനവരെ കണ്ടില്ല. അര്‍ഷദിന്റെ ആയിരക്കണക്കിനു സുഹൃത്തുക്കളുടെ ഇടയില്‍ ഞാന്‍ ദിജനെ തിരഞ്ഞു. ഇല്ല, അങ്ങനെ ഒരു ദിജനോ ഡയാനാ ജോണോ ഇല്ല. എനിക്കു പകരം ഞാന്‍ അര്‍ഷദിനെ ഒരു മൌസ് ക്ളിക്കില്‍ കൊന്നു. എരിയുന്ന എന്റെ മനസിനൊപ്പം ഒരു സിഗരറ്റിനെയും ഞാന്‍ ചുണ്ടില്‍ വച്ച് എരിയിക്കാന്‍ തുടങ്ങി. അതെ, ഞാനവളെ സംശയിക്കുന്നു. ഞാനും അവളും തമ്മില്‍ ഒരുപാട് സ്നേഹിക്കുന്നു. എന്നിട്ടും ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നു. അപ്പോള്‍ ഇതൊക്കെ അവള്‍ക്കും സാധിക്കുമല്ലോ. പല ദിവസങ്ങളിലും ഉറക്കമൊഴിച്ച് ചാറ്റിങ്ങ് നടത്തുന്ന എന്നെ ജനാലകള്‍ കടന്നു വന്നു തഴുകുന്ന കാറ്റ് ഇന്നും വന്നു. അത് ഇന്നെന്റെ മനസില്‍ പതിവുള്ള കുളിരല്ല കോരിയിട്ടത്. എരിയുന്ന മനസിനെ ആ കാറ്റ് തണുപ്പിച്ചുകൊണ്ടിരുന്നു. ഫോണെടുത്ത് അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു. കരങ്ങള്‍ക്കിടയില്‍ സമാധാനത്തോടെ നിഷ്കളങ്കയായി എന്റെ നെഞ്ചില്‍ ചാരിയിരിക്കുന്ന അവളുടെ ഫോട്ടോ മൊബൈലില്‍ തെളിഞ്ഞു. ആ ഫോട്ടോയെടുത്ത നിമിഷങ്ങള്‍ എന്റെ മനസിലും തെളിഞ്ഞു. പ്രണയത്തിന്റെ ഹൃദയത്തുടിപ്പുകള്‍ പോലെയുള്ളപാട്ടിന് വിരാമമിട്ടുകൊണ്ട് ഉറക്കക്ഷീണം കലര്‍ന്ന അവളുടെ ശബ്ദം കേട്ടു. "ഹലോ.... എന്തു പറ്റി രൂപേഷ്?!...'' അല്പം താമസിച്ച് ഞാന്‍ പറഞ്ഞു. "ഹലോ..'' "എന്തു പറ്റി?... ഇന്നലെ തലവേദനയാണ് എന്നു പറഞ്ഞ് വളരെ നേരത്തെ കിടന്നതല്ലേ?... ഇപ്പോള്‍ ആശ്വാസമുണ്ടോ?...'' അവളുടെ ചോദ്യങ്ങള്‍ സാധാരണമായവയാണ്. എങ്കിലും അവയ്ക്ക് മൂര്‍ച്ചയുള്ളതുപോലെ തോന്നി. കാരണം അവള്‍ ഒന്നും അറിയുന്നില്ല. ഇന്നലെയും ഞാനവളെ കബളിപ്പിച്ചു. അവളുടെ സ്നേഹം നിറഞ്ഞ ചോദ്യങ്ങള്‍ എന്നെ സംശയത്തിന്റെ ചതുപ്പില്‍ നിന്നും കരകയറ്റി. പരിശുദ്ധയായ അവളോട് സംസാരിക്കാന്‍ എന്റെ നാവുകള്‍ക്ക് കഴിയുന്നില്ല. പശ്ചാത്താപത്തിന്റെ ഉറവ എന്റെ കണ്ണിലേക്ക് കിനിഞ്ഞിറങ്ങി. ആ കണ്ണുനീര്‍ എന്റെ പാപങ്ങള്‍ കഴുകില്ലെന്നത് തീര്‍ച്ച. "ഐ ലവ് യൂ സോ മച്ച് രമ്യ'' ആദ്യമായ് കോളേജ് വരാന്തയില്‍ അവളോട് എന്റെ പ്രണയം തുറന്നു പറഞ്ഞതിലും പാടുപെട്ടുകൊണ്ട് ഞാന്‍ പറഞ്ഞു. "മീ റ്റൂ രൂപേഷ്'' അവളൊരു ചുംബനംകൊണ്ട് എന്നെ കടത്തിവെട്ടി. ആ സ്നേഹത്തിന്റെ ആഴത്തില്‍ സ്വാര്‍ത്ഥമായി ഞാന്‍ പ്രതീക്ഷ വെച്ചു, എന്റെ തിരിച്ചറിവില്‍ അവളെന്നെ തിരിച്ചറിയുമെന്ന്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ